എൻജിനീയറിങ് പ്രധാനമായും യന്ത്രങ്ങൾ, ഉപകരണങ്ങൾ, സംവിധാനങ്ങൾ, ഘടകങ്ങൾ, രൂപശില്പങ്ങൾ, തുടങ്ങിയവയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അത് ഇവയൊക്കെയുമായി ബന്ധപ്പെട്ടുള്ള കണ്ടുപിടിത്തം, നവീകരിക്കൽ, രൂപകല്പന, നിർമാണം, പരിപാലനം, ഗവേഷണം, മെച്ചപ്പെടുത്തൽ ഒക്കെയാകാം. അത് ബാധകമാക്കുന്ന മേഖലയ്ക്കനുസരിച്ച് വിവിധ ബ്രാഞ്ചുകൾ/ ശാഖകൾ രൂപപ്പെടുന്നു. ശാസ്ത്രവിഷയങ്ങളിലെ ശക്തമായ അടിത്തറയാണ് മേഖലയിൽ ശോഭിക്കാൻ വേണ്ടത്. അതിന് അഭിരുചികളും നൈപുണിയും നിർബന്ധമാണ്. ഇവ ഇല്ലാത്ത, അല്ലെങ്കിൽ പരിമിതമായി മാത്രമുള്ളവർ ഈ മേഖലയിലേക്ക് കടക്കുമ്പോഴാണ്, പരാജിതരുടെ ഒരു നീണ്ട നിര മേഖലയുമായി ബന്ധപ്പെട്ട് കടന്നുവരുന്നത്.